English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തീയതി/വര്‍ഷം  1990
പ്രാക് ചരിത്രം:

 ചരിത്രകാലത്ത് ഈ പ്രദേശം പുരളീശന്‍മാര്‍ എന്നു വിളിക്കുന്ന വടക്കന്‍ കോട്ടയത്തെ രാജകുടുംബത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ടിപ്പു സുല്‍ത്താനെതിരായ യുദ്ധത്തില്‍ ഇംഗ്ലീഷുകാരെ സഹായിച്ച പഴശ്ശി രാജാവിന് കുറുമ്പ്രനാട് രാജാവിന് കോട്ടയം പാട്ടത്തിന് നല്‍കിയ ഇംഗ്ലീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടതായി വന്നു. 1805 ല്‍ പഴശ്ശിയുടെ വീര മൃത്യുവിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുക്കുകയും പഴശ്ശി കോട്ട ഇടിച്ചു നിരത്തുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ നാനാ ജാതി മതസ്ഥരായ ബഹുജനങ്ങള്‍, കര്‍ഷകര്‍, വ്യാപാരികള്‍, കൈത്തൊഴിലുകാര്‍ എന്നിവര്‍ പഴശ്ശിയോടൊപ്പം ചേര്‍ന്നു എന്നത് ചരിത്രപരമായി ഈ പോരാട്ടത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സ്ഥലനാമോല്‍പത്തി:

സ്ഥലനാമോല്‍പ്പത്തിയെ സംബന്ധിച്ച പല ഐതീഹ്യങ്ങളും നിലവിലുണ്ട്. മൊട്ടക്കുന്നുകളുടെ ഊര് എന്ന അര്‍ത്ഥത്തില്‍ മൊട്ടന്നൂര്‍ ലോപിച്ചാണ് മട്ടന്നൂര്‍ ആയത് എന്ന് ഒരു വിഭാഗക്കാര്‍ പറയുന്നു. പഴയ സര്‍വ്വേ റെക്കോര്‍ഡുകളില്‍ പട്ടിണിക്കാട് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രദേശം പരിണമിച്ചാണ് മട്ടന്നൂരായതെന്ന് മറ്റൊരു വിഭാഗക്കാര്‍ വിശ്വസിക്കുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍: സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1926 മുതല്‍ക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഔപചാരികമായി മട്ടന്നൂരില്‍ ആരംഭിച്ചത്. 1931 ല്‍ ആദ്യ കോണ്‍ഗ്രസ്സ് സമ്മേളം മട്ടന്നൂരില്‍ വച്ച് നടന്നു. തുടര്‍ന്ന് 1934 ല്‍ വിഷ്ണു ഭാരതീയന്റെ നേതൃത്വത്തില്‍ പര്യടനം നടത്തിയ അയിത്തോച്ചാടന ജാഥ, 1935 ല്‍ ഡോ. രാജേന്ദ്രപ്രസാദിന്റെ സന്ദര്‍ശനം, 1937 ല്‍ കെ.എ കേരളീയന്റെ നേതൃത്വത്തിലുള്ള കര്‍ഷക ജാഥ എന്നിവ മട്ടന്നൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ആക്കം കൂട്ടിയ സംഭവങ്ങളായിരുന്നു. 1836 ല്‍ മട്ടന്നൂരില്‍ ദേശീയ പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട വായനശാലയുടെ പ്രവര്‍ത്തനം 1940 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റ് നിരോധിച്ചു. 1940 സെപ്തംബര്‍ 15 ന് സാമ്രാജിത്വ യുദ്ധ വിരുദ്ധ മര്‍ദ്ദന പ്രതിഷേധ ദിനത്തില്‍ നടന്ന ജാഥയിലെ വമ്പിച്ച ജനാവലിയെ തോക്കുകളും ലാത്തികളുമായി തടഞ്ഞ പോലീസിന് ജനരോക്ഷത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. 1930 കളില്‍ നടന്ന നിയമ ലംഘന പ്രസ്ഥാനത്തിലും മട്ടന്നൂര്‍ പങ്കുവഹിച്ചു. 1942 ക്വിറ്റ് ഇന്ത്യാ സമരത്തിലും മട്ടന്നൂര്‍ സജീവമായിരുന്നു. 1948 ല്‍ രണ്ടാംലോക മഹായുദ്ധ സമയത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ മട്ടന്നൂരിലെ കര്‍ഷകര്‍ സംഘടിച്ച് പൂഴ്ത്തിവയ്പിനെതിരെയും കരിചന്തയ്ക്കെതിരെയും നടത്തിയ സമരവും പ്രസിദ്ധങ്ങളാണ്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍:

1984 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട് 1930 കളില്‍ ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ ദേശീയബോധമുണര്‍ത്താന്‍ 1939 അരീപ്പാറയില്‍ ഫെഡറേഷന്‍ എന്ന സംഘടന രൂപീകിച്ചു. 1928 ല്‍ ആരംഭിച്ച മട്ടന്നൂര്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ ആയിരുന്നു മട്ടന്നൂരിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം. 1931 ല്‍ മട്ടന്നൂരില്‍ നടന്ന സാഹിത്യ സമ്മേളനം സാംസ്ക്കാരിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.
വാണിജ്യ-ഗതാഗത പ്രാധാന്യം:

മട്ടന്നൂരില്‍ പ്രധാനമായും കാണാവുന്നത് കുടില്‍ വ്യവസായങ്ങളെയാണ്. പായമെടയല്‍, കൊട്ട, മുറം, ഓലക്കുട എന്നിവയുടെ നിര്‍മ്മാണം, കൊല്ലപ്പണി എന്നിവയും കുടില്‍ വ്യവസായമായി ചെയ്തു വരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ സ്ഥാപിതമായ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, സഹകരണ സ്ഥാപനമായ റെഡ്കോയുടെ പഴസംസ്ക്കരണ ശാലയും, ഖാദി ബോര്‍ഡിന്റെ കീഴിലുള്ള നൂല്‍ നൂല്‍പ് ശാലകളും വ്യവസായ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്. ഇവിടത്തെ ഗതാഗതമാര്‍ഗ്ഗം റോഡ് വഴിയാണ്. തലശ്ശേരി കുടക് റോഡാണ് ഇവിടത്തെ പ്രഥമവും പ്രധാനവുമായ ഗതാഗത മാര്‍ഗ്ഗം. മറ്റൊരു പ്രധാന റോഡാണ് കണ്ണൂര്‍ മട്ടന്നൂര്‍ റോഡ്.
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍:

പഴശ്ശി, കോളാരി, പോറൊറ എന്നീ വില്ലേജുകള്‍ ചേര്‍ന്ന് 1962 ല്‍ മട്ടന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1963 ല്‍ ആദ്യ തെരഞ്ഞെടുപ്പ് കെ. ടി മാധവന്‍ നമ്പ്യാരായിരുന്നു ആദ്യ പ്രസിഡന്റ്. 1978 ഭരണസമിതി പിരിച്ചുവിട്ടു. 1979 ല്‍ മുകുന്ദന്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റായി ഭരണസമിതി നിലവില്‍ വന്നു. 1990 ല്‍ ആണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. 1994 പഞ്ചായത്തായി തരം താഴ്ത്തിയെങ്കിലും കോടതി ഈ സര്‍ക്കാര്‍ നടപടി തടഞ്ഞു.